ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

 

മുല്ലപ്പെരിയാര്‍ ഡാമിനോട് അനുബന്ധിച്ചുള്ള ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായാണ് മരങ്ങള്‍ മുറിക്കുന്നത്. ഇതിനായി നല്‍കിയ അനുമതി പിന്‍വലിച്ച കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് തമിഴ്‌നാട് ഹര്‍ജിയില്‍ പറയുന്നു. വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാറിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്താന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.

ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം 2021 ജൂണില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് 15 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം എടുത്തതെന്നും ഹര്‍ജിയില്‍ തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ കേരളവും തമിഴ്‌നാടും നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും അനുമതി റദ്ദാക്കിയത് സംബന്ധിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും തമിഴ്‌നാട് കോടതിയില്‍ നല്‍കി. കേരള നിയമസഭ പാസ്സാക്കിയ ഡാം സുരക്ഷാ നിയമം ചോദ്യംചെയ്ത് 2006-ല്‍ ഫയല്‍ ചെയ്ത സ്യൂട്ടിലാണ് തമിഴ് സര്‍ക്കാര്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ കേരളം തടസപ്പെടുത്തുകയാണെന്ന ആരോപണമാണ് തമിഴ്‌നാട് പ്രധാനമായും ഉന്നയിക്കുന്നത്. 2014ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാന്‍ കേരളം തയ്യാറാകുന്നില്ലെന്നും ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം 16 വര്‍ഷമായി കേരളം തടസപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.