ജയിലിൽ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
ശബരിമല സ്വർണക്കൊള്ള കേസില് റിമാൻഡിലായി ജയിലിൽ കഴിയുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് പരിശോധനക്കായി എത്തിച്ചു. വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. തല കറക്കവും ക്ഷീണവുമാണ് രാവിലെ അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച നാലുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ശബരിമലയെ സംബന്ധിച്ച് താന്ത്രിക കാര്യങ്ങളിൽ അവസാന വാക്കായ തന്ത്രിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അറസ്റ്റിന് ശേഷം വൈദ്യ പരിശാധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ശബരിമലയിൽ പോറ്റിയെ കേറ്റിയതും ശക്തനാക്കിയതും തന്ത്രി രാജീവര് ആയിരുന്നുവെന്നും തന്ത്രിയുടെ ആളാണെന്ന നിലയിലാണ് സന്നിധാനത്തും ദേവസ്വം ഉദ്യോഗസ്ഥർക്കിടയിലും ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനം ഉറപ്പിച്ചതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ അനുമതിയോടെയാണ് സ്വർണം പതിച്ച പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതെന്നും ദൈവതുല്യനായി കണ്ടവർ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്മകുമാർ എസ്.ഐ.ടിക്ക് മുന്നിൽ ആവർത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തന്ത്രിയെ ചോദ്യം ചെയ്തെങ്കിലും പത്മകുമാറിന്റെയും ഉദ്യോഗസ്ഥരുടെയും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
എന്നാൽ, പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കടത്താൻ അവസരമൊരുക്കിയത് തന്ത്രിയാണെന്ന് അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്ന് അന്വേഷണസംഘം കണ്ടെത്തി.