കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം ഇന്ന് പുറത്തുവിടും; സമൂഹം അറിയട്ടെയെന്ന് മന്ത്രി

 

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം പുറത്തുവിടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു. ഏത് നിലയില്‍ എത്രപേര്‍ വാക്‌സിനെടുത്തില്ല എന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ ജില്ലതിരിച്ചുള്ള കണക്കാണ് പുറത്തുവിടുന്നത്.

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായതെല്ലാം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി മേലധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യം മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

വാക്സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.