ബിഎൻഎസ് വകുപ്പിൽ ഉത്തരം മുട്ടി; വനിതാ എസ്ഐക്ക് എസ്പി വക ഇംപോസിഷൻ

 

പുതിയ ക്രിമിനൽ നിയമത്തിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകാത്തതിന് വനിതാ എസ്.ഐക്ക് ഇംപോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പതിവായി നടക്കുന്ന സാറ്റ റിപ്പോർട്ടിങ്ങിനിടെ ആയിരുന്നു എസ്.പി ചോദ്യങ്ങളുന്നയിച്ചത്. വനിതാ എസ്.ഐ ഉടൻതന്നെ ഇംപോസിഷൻ എഴുതി മെയിൽ അയക്കുകയായിരുന്നു

നാല് ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ഐ.പി.സിക്ക് പകരം ജൂലൈ ഒന്നിന് നിലവിൽവന്ന ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കേസെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചായിരുന്നു എസ്.പി. രാവിലത്തെ പതിവു യോഗത്തിൽ പറഞ്ഞത്. ഇതിനിടെ ചോദ്യങ്ങളുന്നയിക്കുകയും വനിതാ എസ്.ഐ പ്രത്യേക വകുപ്പിനെ കുറിച്ച് അറിയില്ലെന്ന് പറയുകയും ചെയ്തു.

ബി.എൻ.എസ് സംബന്ധിച്ച് ഇതിനോടകം നിരവധി പരിശീലനം നൽകിയിട്ടുണ്ടെന്നും അറിയില്ലെന്ന് പറയാനാകില്ലെന്നും വ്യക്തമാക്കിയാണ് എസ്.പി ഇംപോസിഷൻ എഴുതാൻ ആവശ്യപ്പെട്ടത്. വെള്ളക്കടലാസിൽ എഴുതി മെയിൽ ചെയ്യണമെന്നായിരുന്നു നിർദേശം. എസ്.പി ഉൾപ്പെടെ നേരിട്ടെത്തിയാണ് പത്തനംതിട്ടയിൽ ക്ലാസുകൾ നടത്തിയിരുന്നത്. അതേസമയം ഇത്തരം കാര്യങ്ങൾ സേനക്കുള്ളിൽ സാധാരണമാണെന്ന് എസ്.പി പ്രതികരിച്ചു