ബിജെപി പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധി 

 

ഡൽഹി:  ബിജെപിയും ആർഎസ്എസും പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. ചില നേതാക്കൾ മൻ കി ബാത്ത് നടത്തുമ്പോൾ ജനങ്ങളുടെ മനസ് കേൾക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ലഡാക്കിലെ ജനങ്ങളുടെ രക്തത്തിലും ഡിഎൻഎയിലും അലിഞ്ഞു ചേർന്നിരിക്കുന്നു എന്നും രാഹുൽ പറഞ്ഞു. 

ഭാരത് ജോഡോ യാത്ര മഞ്ഞുവീഴ്ചയെ തുടർന്ന് ലഡാക്കിലേക്ക് എത്തിയില്ല. ലഡാക്കിലെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാലാണ് ബൈക്ക് യാത്ര നടത്തിയത്. ലഡാക്കിൽ അമ്മമാരോടും സഹോദരിമാരോടും യുവജനങ്ങളോടും സംസാരിച്ചെന്നും രാഹുൽ പറഞ്ഞു.

ചൈന ഇന്ത്യൻ ഭൂമി കയ്യേറിയെന്ന് ലഡാക്കിലെ ജനങ്ങൾ തന്നോട് പറഞ്ഞതായി രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ചൈന ഒരിഞ്ച് ഭൂമി പോലും എടുത്തിട്ടില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് സത്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയാണ് രാഹുൽ ​ഗാന്ധി ലഡാക്കിലെത്തിയത്. രാഹുൽ തന്റെ ബൈക്കിൽ ലഡാക്കിലൂടെ പോകുന്ന ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. 2019ൽ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം രാഹുൽ‌ ​ഗാന്ധി ആദ്യമായാണ് ലഡാക്ക് സന്ദർശിക്കുന്നത്.

സൂപ്പർ ബൈക്കിൽ റൈഡറുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. വ്യാഴാഴ്ച ലഡാക്കിൽ എത്തിയ രാഹുൽ ശനിയാഴ്ച രാവിലെയാണ്  പാം​ഗോങ് തടാകത്തിലേക്ക് യാത്ര നടത്തിയത്. 'ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാം​ഗോങ് തടാകത്തിലേക്ക് പോകുന്നു' എന്ന കുറിപ്പോടെ രാഹുൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.