ബിജെപി രാജ്യ സ്നേഹികളല്ല, രാജ്യ ദ്രോഹികളാണ്; രാഹുൽ ഗാന്ധി 

 

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി രാജ്യ സ്നേഹികളല്ല, രാജ്യ ദ്രോഹികളാണ് എന്ന് രാഹുൽ ഗാന്ധി.   മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തിയത്. തന്റെ അം​ഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ പറഞ്ഞു. മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്. 


ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചല്ലെന്ന് രാഹുൽ ഗാന്ധി. അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളും. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രം. കേന്ദ്രം പത്ത് വർഷമായി വേട്ടയാടുന്നുവെന്നും രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിക്ക് ആഗ്രഹമെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം എന്നും രാഹുൽ പറഞ്ഞു.

കുറച്ച് ദിവസം മുമ്പ് ഞാൻ മണിപ്പൂരിൽ പോയി. പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറല്ല. മണിപ്പൂരിനെ സർക്കാർ രണ്ടായി വിഭജിച്ചു. ബിജെപി രാജ്യ സ്നേഹികളല്ല, രാജ്യദ്രോഹികൾ. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ.മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോൾ സ്ത്രീകൾ തളർന്നുവീഴുകയാണ്.മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങൾ‌ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ‌ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ് എന്ന് രാഹുൽ പറഞ്ഞു.