അടിയോടെ വാരാനും കോരാനും പറ്റുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന് ബിജെപിക്ക് അറിയാം;  മുഖ്യമന്ത്രി 

 

അടിയോടെ വാരാനും കോരാനും പറ്റുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന് ബിജെപിക്കറിയാമെന്നും അതുകൊണ്ട് തൽക്കാലം കോൺഗ്രസിന് കേരളത്തിൽ വളരാനുള്ള അന്തരീക്ഷം കേന്ദ്രസർക്കാർ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നീട് കോൺഗ്രസിനെ മൊത്തത്തിൽ വാരാം എന്നാണ് അവരുടെ ചിന്തയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് ധർമ്മടം മാവിലായിൽ സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ബിജെപിയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസും യുഡിഎഫും ശക്തിപ്പെടും. തൽക്കാലം കോൺഗ്രസ് ശക്തമാകട്ടെ, പിന്നീട് അതിനെ അടിയോടെ വരാമെന്നാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിനെ സഹായിച്ചതിനു ശേഷം ബിജെപി വിഴുങ്ങുന്ന കാഴ്ച രാജ്യത്ത് പലയിടത്തായി കണ്ടതാണ്. ഇതുതന്നെയാണ് കേരളത്തിലെ യുഡിഎഫിനും കോൺഗ്രസിനും സംഭവിക്കാൻ പോകുന്നത്. ഈ ഉദ്ദേശത്തോടെയാണ് ബിജെപി കോൺഗ്രസിന് സഹായിക്കുന്നത്. ഒരു പരസ്പര സഹായ സംഘമായി ഇരു പാർട്ടികളും പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.v