തിരുവാണിക്കാവില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ മരിച്ചു

 

തൃശൂര്‍ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍പ്പ് സ്വദേശിയായ സഹറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹര്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 18ന് അര്‍ധരാത്രിയായിരുന്നു സംഭവം. തിരുവാണിക്കാവില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ വിളിച്ചിറക്കി അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. 

സഹറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരും ഇപ്പോഴും ഒളിവിലാണ്. സഹര്‍ അവിവാഹിതനായിരുന്നു. തൃശൂര്‍ തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര്‍. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് സഹര്‍ ഇവരുടെ വീട്ടിലെത്തിയത്.

സഹര്‍ എത്തിയതിനു പിന്നാലെ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന സദാചാര ഗുണ്ടകള്‍ എത്തുകയായിരുന്നു. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ലിന് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.