കേന്ദ്ര സർക്കാർ കീഴടങ്ങി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
ഡൽഹി തെരുവിൽ കത്തിപ്പടർന്ന പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങി നരേന്ദ്ര മോദി സർക്കാർ. കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളും യുവാക്കളും ഡൽഹിയുടെ തെരുവുകളിലേക്ക് ഇരച്ചെത്തിയതോടെ, നീറ്റ് ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. അവസാന നിമിഷം വരെ ശ്രമിച്ചിട്ടും പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ധർമേന്ദ്ര പ്രധാനന്റെ രാജി. ധർമേന്ദ്ര പ്രധാന്‍റെ വകുപ്പ് മാറ്റി രക്ഷപ്പെടാനുള്ള അവസാന ശ്രമവും കേന്ദ്രം നടത്തിയിരുന്നു. എന്നാൽ രാജിയെന്ന ആവശ്യത്തിൽ നിന്നും പിൻമാറില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ ആവർത്തിച്ചു. പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 3.30-ന് സി.ജെ.പി നേതാക്കളുമായി മൂന്നാം ഘട്ട ചർച്ച നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ കീഴടങ്ങൽ. ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദീപ്കെ വ്യക്തമാക്കിയിരുന്നു