കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്രം ഗവർണറെ ഉപയോഗിച്ച് തകർക്കുന്നു, ഇങ്ങനെ ഒരു ഗവർണർ കേരളത്തിൽ തുടരേണ്ടതുണ്ടോ? എം വി ഗോവിന്ദൻ
തിരുവനന്തപുരം: കണ്ണൂർ വി സി ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യോഗ്യതയുള്ളവരെ വിസിയാക്കാനല്ല ബിജെപിക്കാരെ വിസിയായി നിയമിക്കാനാണ് ഗവർണറുടെ ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രണ്ടുവർഷം ബില്ലുകളിൽ ഗവർണർ അടയിരുന്നു. സുപ്രീം കോടതി ഇതിൽ ഗവർണറെ ചോദ്യം ചെയ്തു.
ഭരണഘടനാപരമായ കാര്യങ്ങൾ ചെയ്യുന്നതിനു പകരം സംഘപരിവാറിന്റെ തീട്ടൂരമാണ് നടപ്പാക്കുന്നത്. ഇങ്ങനെ ഒരു ഗവർണർ കേരളത്തിൽ തുടരേണ്ടതുണ്ടോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്രം തകർക്കുകയാണെന്നും സംസ്ഥാനത്ത് ഇതിനായി അവർ ഗവർണറെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.