തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി; അതീവ ജാ​ഗ്രത നിർദേശം

 

കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് വെള്ളം പുറത്തേക്കൊഴുതി . പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിയതെന്ന് അധികൃതർ അറിയിച്ചു. മുപ്പത്തിയഞ്ച് ഗേറ്റുകളാണ് ഈ ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ എല്ലാ ഗേറ്റുകളും തുറന്നിട്ടുണ്ട്. സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. മുല്ലപ്പെരിയാർ അണക്കെട്ടാണ് ആദ്യത്തേത്. 

കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ അധികൃതർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഇന്നലെ രാത്രിയാണ് ഡാമിന്റെ  ഗേറ്റിൽ തകരാർ ഉണ്ടായത്. ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടുകയായിരുന്നു.




പിന്നീട് അണക്കെട്ടിന് മറ്റ് തകരാറുകൾ സംഭവിക്കാതിരിക്കാൻ ബാക്കിയുള്ള ഗേറ്റുകൾ ഉയർത്തുകയായിരുന്നു. ഡാമിൽ നിന്നും 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികൾ നടക്കൂ എന്ന് അധികൃതർ അറിയിച്ചു. 1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഈ ഡാമിലെ വെള്ളത്തെയാണ്.‌