ഫീസ് അടയ്ക്കാൻ വൈകിയതിന് കുട്ടിയെ തറയിലിരുത്തി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ
Aug 25, 2023, 14:11 IST
തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ ശ്രീ വിദ്യാധിരാജ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിൻസിപ്പൽ ഏഴാംക്ലാസുകാരനെ തറയിലിരുത്തിയത്.
കുട്ടിയുടെ പിതാവ് കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നു പ്രിൻസിപ്പൽ പരിഹസിച്ചു. ഈ വിഷയം പുറത്തെത്തിയതോടെ മാനേജ്‌മെന്റ് പ്രിൻസിപ്പലിന്റെ നടപടിയെ തള്ളി. കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാധിരാജ ഹയർസെക്കന്ററി സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പ്രശ്‌നം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടു.