പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാൻ രാജ്യത്തിനാകുന്നില്ല, വേണ്ടത് കൃത്യമായ പ്രവചനം- മുഖ്യമന്ത്രി
 

 

 ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ചുവെന്ന് പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ പ്രകൃതിദുരന്തങ്ങൾ പ്രവചിക്കാനും അതനുസരിച്ച് പ്രതിരോധം തീർക്കാനും രാജ്യത്തിനാകുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. പൊതുവായ മുന്നറിയിപ്പുകളല്ല. കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക എന്നത് ഇതിനകം തന്നെ ലോകത്താകെയുള്ള അനുഭവങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ആ നിലയിലേക്ക് ഉയരാൻ വേണ്ട ഇടപെടൽ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖാന്തരീക്ഷത്തിലാണ് സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും നാടിന്റെ പൊതുവായ അതിജീവനത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്രദിനാഘോഷമെന്നും ഓർമ്മിപ്പിച്ചു.

'സ്വതന്ത്ര ഇന്ത്യക്കായുള്ള പോരാട്ടഘട്ടത്തിൽ എന്തൊക്കെയായിരുന്നു നമ്മുടെ സ്വപ്നങ്ങൾ, അവയിൽ എന്തൊക്കെ സാക്ഷാത്കരിക്കാൻ കഴിഞ്ഞു, ഇനിയും നേടിയെടുക്കാനുള്ളവ എന്തൊക്കെ, അതിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെ എന്ന ചോദ്യങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമാണ്. കഴിഞ്ഞ 78 വർഷം കൊണ്ട് ജനാധിപത്യ സംവിധാനത്തെ സംരക്ഷിച്ചു നിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ അതേഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ഇന്ത്യൻ ജനത ഒന്നാകെ ജാഗരൂകരായി നിന്നിട്ടുണ്ട്. ജാഗ്രത്തായ അത്തരം ഇടപടലുകൾ തുടർന്നും ഉണ്ടാകും എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനും ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും.


സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, പാർപ്പിടം, കൃഷി, ഉത്പാദനം, വ്യവസായം, സേവനം, സമ്പദ്ഘടന എന്നിങ്ങനെ പല മേഖലകളിലും വളരെ മികച്ചനിലയിലാണ് ഇന്ന് ഇന്ത്യ ഉള്ളത്. ഐ.ടിയുടേയും സ്റ്റാർട്ട് അപ്പുകളുടേയും ഹബ് ആണ് ഇന്ത്യ. ബഹിരാകാശ മേഖലകളിൽ അടക്കം ശാസ്ത്രസാങ്കേതിക വിദ്യ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. അതേസമയം, പൊതുവായ ശാസ്ത്രാവബോധത്തിൽ കോട്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകുന്നു. അന്ധവിശ്വാസങ്ങളുടെ, ദുരാചാരാങ്ങളുടെ, പ്രാകൃതാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനത്തിലേക്ക് പോകുന്നു. ഏത് ഇരുണ്ടഘട്ടത്തെ താണ്ടിയാണോ പുതുകാലത്തേക്ക് വന്നത്, ആ കാലത്തിന്റെ അന്ധകാരത്തെ തിരിച്ചു കൊണ്ടുവരാൻ ജാതിയേയും വർഗീയതയേയും ആയുധമാക്കി ചിലർ ശ്രമിക്കുന്നു. അത് നമ്മുടെ മതനിരപേക്ഷയെ അപകടത്തിലാക്കുന്നു. ഇതിന് എങ്ങിനെ ഫലപ്രദമായി മറികടക്കാം എന്നത് പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്. ശാസ്ത്രാവബോധത്തിലുണ്ടാകുന്ന പിന്നോട്ട് പോക്ക് വിഘടന, വിഭാഗീയ പ്രവണതകൾക്ക് വളംവെക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുവെന്നത് ​ഗൗനരവമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ നാം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.രാജ്യത്തെവിടെയും വിവേചനങ്ങളും അതിക്രമങ്ങളും നേരിടുന്ന ജനത്തോട് ഐക്യപ്പെടാനും അവരുടെ അവകാശങ്ങൾ സംരക്ഷികകാനും നിലനില്പ് ഉറപ്പുവരുത്താനും നാം ശ്രദ്ധരായിരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നാടിന് മുന്നേറാനാകൂ'- മുഖ്യമന്ത്രി പറഞ്ഞു.