ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങി
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ദിലീപ് രാവിലെ തന്നെ എത്തിയിരുന്നു. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചിട്ടുണ്ട്.
ഹൈക്കോടതി കഴിഞ്ഞ ദിവസം ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാനായി അനുമതി നല്‍കിയിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതേ തുടർന്നാണ് ദിലീപ് എത്തിയത്.
രാത്രി എട്ടുവരെ ചോദ്യംചെയ്യാം. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.