ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരും; മലയോര മേഖലയിലെ രാത്രിയാത്രക്ക് വിലക്ക്
അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്. രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ഭീതിയുടെ ആവശ്യമില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ചാലക്കുടി പുഴയിൽ വെള്ളം ഉയരുകയാണ്. ഇതോടെ പുഴയുടെ തീരത്തുള്ള കനാലുകൾ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നുണ്ട്. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും 7.5 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 5 സെന്റീ മീറ്ററായിരുന്നു ഉയർത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുർമ്മാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
.