കോടതിമുറിക്കുള്ളില്‍ നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം; പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

 

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. കോടതിമുറിക്കുള്ളില്‍ വെച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്ന് ലൂസി കളപ്പുര ഫെയിസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ സമരത്തില്‍ സജീവമായി പങ്കെടുത്തയാളാണ് സി.ലൂസി കളപ്പുര.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത്. ഫ്രാങ്കോയുടെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ വിധിയില്‍ പറഞ്ഞത്.

105 ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി ഏഴ് വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരുന്നത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.