വക്കം പുരുഷോത്തമന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ്; വി ഡി സതീശൻ 

 

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരെയും കൂസാത്ത ഒരു സമ്മർദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമൻ പൊതുപ്രവർത്തകർക്ക് അനുകരണീയമായ മാതൃകയാണെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് തറവാട്ടിലെ കാരണവരായിരുന്നു വക്കം പുരുഷോത്തമൻ ഫേസ്ബുക്കിൽ കുറിച്ചു. 


വക്കത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് വിഡി സതീശൻ പറഞ്ഞു. ‘വക്കം സ്പീക്കറായിരിക്കവെയാണ് ഞാൻ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിൻബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തി’ സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സ തേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2 തവണ ലോകസഭയിലേക്കും, 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ,മൂന്നു തവണ സംസ്ഥാനമന്ത്രിയും, രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. കൂടാതെ അദ്ദേഹം മിസോറാം ഗവർണറും ആയിരുന്നു.