കോക്പിറ്റിലെ ഫ്യുവല്‍ സ്വിച്ചിങ് സംവിധാനം ഓഫായി; അഹമ്മദാബാദ് വിമാനാപകടം നടന്നത് ഇങ്ങനെ

കൃത്യമായി ഉറച്ചിരിക്കാന്‍ സ്പ്രിങ് സംവിധാനത്തോടെയാണ് സ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അബദ്ധവശാല്‍ താഴില്ല.
 

എന്‍ജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന കോക്പിറ്റിലെ ഫ്യുവല്‍ സ്വിച്ചിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാകും അഹമ്മദാബാദിലെ എയര്‍ഇന്ത്യ വിമാന ദുരന്തത്തിലേക്ക് നയിച്ചതെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി.മാക്‌സിസ്. ഒരു സെക്കന്‍ഡ് ഇടവേളയില്‍ രണ്ട് സ്വിച്ചും ഓഫായി. പൈലറ്റിന് ഒരു സെക്കന്‍ഡ് സമയത്തില്‍ മാനുവലി അങ്ങനെ ചെയ്യാന്‍ കഴിയില്ല. സാങ്കേതിക തകരാര്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ബോയിങ് മുഖവിലയ്‌ക്കെടുത്തില്ലെന്നും മാക്‌സിസ് പറഞ്ഞു.

‘മേയ് ഡേ മേയ് ഡേ മേയ് ഡേ’, ആകാശത്ത് 32 സെക്കൻഡ്, പിന്നാലെ തകർന്നുവീണു, അന്ന് സംഭവിച്ചതെന്ത്?
കൃത്യമായി ഉറച്ചിരിക്കാന്‍ സ്പ്രിങ് സംവിധാനത്തോടെയാണ് സ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അബദ്ധവശാല്‍ താഴില്ല. മുകളിലേക്ക് വലിച്ചു പൊക്കിയതിനുശേഷമാണ് താഴേക്ക് താഴ്‌ത്തേണ്ടത്. സ്വിച്ച് ട്രിപ്പായത് തിരിച്ചറിഞ്ഞ് പൈലറ്റുമാര്‍ 10 സെക്കന്‍ഡിനുള്ളില്‍ ഓഫ് എന്ന നിലയില്‍നിന്നും റണ്‍ എന്ന നിലയിലേക്കു സ്വിച്ചുകളെ മാറ്റി. വിമാനം പറന്നു പൊങ്ങുന്ന ഘട്ടത്തിലായിരുന്നു. എന്‍ജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയശേഷം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ 30 സെക്കന്‍ഡ് എങ്കിലും എടുക്കും. ഇതാണ് വിമാനം പെട്ടെന്ന് തകര്‍ന്നുവീഴാന്‍ കാരണമായത്. റണ്‍വേയില്‍ ടേക്ക് ഓഫ് വേഗം കൈവരിക്കുന്നതില്‍ പിഴവ് വന്നിട്ടുണ്ടോ എന്നതും പരിശോധിക്കണം. 

സോഫ്റ്റുവെയറാണ് എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്‍ജിനിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സ്വിച്ച് ഓഫ് ആയാല്‍ പൈലറ്റ് ഇന്‍ കണ്‍ട്രോള്‍ സഹപൈലറ്റിനോട് സ്വാഭാവികമായും കാരണം ചോദിക്കും. ആരെങ്കിലും ഓഫ് ചെയ്തതതാണോയെന്ന് അദ്ദേഹത്തിന് തോന്നാം. എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ച് പൈലറ്റ് ഓഫ് ചെയ്യുമെന്ന് കരുതാനാകില്ല. അത് ആത്മഹത്യാപരമാണെന്ന് എല്ലാവര്‍ക്കും അറിയാം. പണ്ട് ഈജിപ്ഷ്യന്‍ പൈലറ്റ് ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ എയര്‍ഇന്ത്യയില്‍ അങ്ങനെ സംഭവിച്ചതായി കാണാനാകില്ല. സ്വിച്ച് ഓഫ് ആയത് തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ നാല് സെക്കന്‍ഡിനുള്ളില്‍ രണ്ടും സ്വിച്ചും ഓണ്‍ ആക്കി. മാനുവലായി സ്വിച്ച് ഓണാക്കാന്‍ 4 സെക്കന്‍ഡ് വേണം. അപ്പോള്‍ ഒരു സെക്കന്‍ഡ് കൊണ്ട് ഓഫാക്കി എന്നു പറയുന്നതില്‍ അര്‍ഥമില്ല. എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇന്‍ കണ്‍ട്രോള്‍ സ്വിച്ച് ഓഫ് ചെയ്‌തോ എന്നു ചോദിച്ചപ്പോള്‍ സഹപൈലറ്റ് ഉടനെ തന്നെ ഇല്ലെന്നും പറഞ്ഞിട്ടുണ്ട്. 

മുന്‍പ് ജപ്പാന്‍ വിമാനത്തിന്റെ, എന്‍ജിനിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സ്വിച്ചും തകരാറിലായിരുന്നു. അതു നിലത്തുവച്ചായിരുന്നു. ബോയിങ് കമ്പനിയുടേതായിരുന്നു വിമാനം. നിരവധി തരാറുകള്‍ ബോയിങ് വിമാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ സോഫ്റ്റുവെയര്‍ പരിഷ്‌ക്കരിക്കണമെന്ന് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശമുണ്ടായിരുന്നു. അത് ബോയിങ് നടപ്പിലാക്കിയില്ല. എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നതിനു ശേഷമുള്ള വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിന് നല്ല വേഗം ഉണ്ടെങ്കില്‍ എന്‍ജിന്‍ ഇടയ്ക്കു കട്ടായാലും വീണ്ടും പറത്താനാകും. അന്വേഷണം നടത്തിയവര്‍ ആദ്യം എന്‍ജിന്റെ പ്രവര്‍ത്തനം പരിശോധിക്കണമായിരുന്നു. എന്‍ജിന്റെ പ്രവര്‍ത്തനം സെക്കന്‍ഡുകള്‍ അനുസരിച്ച് വിലയിരുത്തിയാലേ പ്രശ്‌നം മനസ്സിലാകൂ. ഇപ്പോഴത്തെ കണ്ടെത്തല്‍ പൈലറ്റുമാര്‍ക്കു നേരെ സംശയമുണ്ടാക്കുന്നതാണെന്നും മാക്‌സിസ് പറഞ്ഞു.