മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച കൂട്ടിരിപ്പുകാരന്റെ അമ്മൂമ്മ മരിച്ചു

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച യുവാവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാള്‍ (75) ആണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് മര്‍ദ്ദനമേറ്റ അരുണ്‍ ദേവ് ആശുപത്രിയില്‍ എത്തിയത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ജനമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അരുണ്‍ദേവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ കമ്പനി നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനമേറ്റ അരുണ്‍ ദേവ് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യത്തില്‍ വിട്ടു.

ആറ്റിങ്ങല്‍ സ്വദേശിയായ അരുണ്‍ ദേവിനെ വെള്ളിയാഴ്ച വൈകിട്ടാണ് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. അരുണും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാര്‍ഡില്‍ കയറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതിന് തുടര്‍ച്ചയായി സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മര്‍ദ്ദികകുകയായിരുന്നു. തൊട്ടുപിന്നാലെ പോലീസില്‍ പരാതി നല്‍കിയ ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ അരുണിനെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തില്‍ അരുണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ടിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.