ഗൾഫ് യുദ്ധം; ഇസ്രായേലിനെ വീണ്ടും ആക്രമിച്ച് ഇറാൻ
തെഹ്റാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലെ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേലിൽ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ. ഇതോടെ പശ്ചിമേഷ്യയിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും യുദ്ധം ശക്തമായി. ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഇതിനെതിരേ അതിരൂക്ഷമായ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇന്ന് പുലർച്ചെ ഇറാനിൽ, ഇസ്രായേൽ നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും, ഇസ്രായേൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ, ഇസ്രായേലിൽ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്. ഇതോടെ മേഖലയിൽ സംഘർഷം രൂക്ഷമായി. ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന സംഘർഷത്തിലേക്ക് മടങ്ങിയത് ആഗോള തലത്തിൽ തന്നെ ഭീതി ഉയർത്തിയിരിക്കുകയാണ്.
യുദ്ധം പുനരാരംഭിച്ചതോടെ മേഖലയിലെ വ്യോമ ഗതാഗതവും താരുമറായി. സംഘർഷത്തെത്തുടർന്ന് ഇറാനിലെ ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം, മെഹ്റാബ് അന്താരാഷ്ട്ര വിമാനത്താവളം, കെർമാൻഷാ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ അടച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബാനാനിൽ ഇസ്രായേലിന്‍റെ ആക്രമണങ്ങൾ എല്ലാ പരിധികളും ലംഘിച്ചതായി ഇറാൻ പറഞ്ഞു. ഇരു ഭാഗത്തുനിന്നുമുള്ള സൈനിക നീക്കങ്ങൾ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് ആശങ്ക.
ഇറാനിലെ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിലാണ് ഇസ്രായേൽ ഇന്ന് പുലർച്ചെ അതിരൂക്ഷമായ ആക്രമണം നടത്തിയത്. ഇറാൻ മണ്ണിൽ ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) സ്ഥിരീകരിച്ചിരുന്നു. ഇറാന്റെ ആക്രമണം ഭയന്ന് ഇസ്രായേൽ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രായേൽ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡ് രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ആശുപത്രികളുടെ പ്രവർത്തനങ്ങൾ സുരക്ഷിതമായ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് അടിയന്തരമായി മാറ്റാൻ മന്ത്രാലയം ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ള, വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന അവസ്ഥയിലുള്ള രോഗികളെ എത്രയും വേഗം ഡിസ്ചാർജ് ചെയ്യാനും ഇസ്രായേൽ നിർദേശം നൽകി. ആളുകളോട് സുരക്ഷിത ബങ്കറുകളിലേക്ക് മാറാനും ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.