ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കും; രാഹുൽ ഗാന്ധി 

 

അപകീർത്തിക്കേസിൽ തനിക്കെതിരായ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ ആശയത്തെ സംരക്ഷിക്കുമെന്നും ദൗത്യം തുടരുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

വിചാരണ കോടതി ഉത്തരവിനെ വിമർശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വർഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവിൽ അവ്യക്തമാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആർ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങുന്നതോടെ രാഹുലിന് ഇനി വയനാടിന്റെ എംപിയായി തുടരാം.

2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐപിസി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.