മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ 

 


കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണമെന്നാണ് കോളേജ് കൗൺസിലിന്റെ ആവശ്യം. കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയായി. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനം.

സംഭവത്തിൽ ആറ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിൽ മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. കോളേജിലെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിൽ അധ്യാപകൻ സി യു പ്രിയേഷ് നിൽക്കുമ്പോൾ വിദ്യാർത്ഥികൾ അദ്ദേഹത്തെ അവഹേളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധ്യാപകന്റെ പിറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാക്കുന്നതാണ് ക്ലാസിലുണ്ടായിരുന്ന ചിലർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലുള്ളത്. അറ്റന്റൻസ് മാറ്റർ എന്ന തലക്കെട്ടിൽ ഇത് റീലായി പ്രചരപ്പിക്കുകയായിരുന്നു.

സംഭവത്തിൽ വിദ്യാർഥികൾക്കെതിരേ പരാതിയില്ലെന്ന് പ്രിയേഷ് മൊഴി നൽകിതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നിയമ നടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും കോളേജിനുള്ളിൽ വച്ച് തന്നെ പ്രശ്‌നം പരിഹരിക്കാനാണ് താൽപര്യമെന്നും അധ്യാപകൻ മൊഴി നൽകി.