സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുന്നു; മുഖ്യമന്ത്രി 

 



സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം നല്ല തരീതിയിൽ മെച്ചപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യ സംരക്ഷണ  മേഖലയിൽ മാത്രം നാല് ലക്ഷത്തോളം സംരഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഇതിലൂടെ 1500 കോടിയോളം രൂപയുടെ നിക്ഷേപവും അറുപതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിച്ചു. ഭക്ഷ്യ സംരക്ഷണ മേഖല ഇനിയും മുന്നേറാൻ സാധ്യതയുണ്ട്. അതേസമയം ഈ  മേഖല നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് മതിയായ വിതരണ സംവിധാനങ്ങൾ ലഭ്യമാകാത്തതാണ് നേരിടുന്ന വെല്ലുവിളിയിൽ പ്രധാനപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മറികടക്കാൻ സഹകരണ മേഖലയെ ഉപയോഗിച്ച് കോ-ഓപ്പറേറ്റീവ് ഇൻറർവെൻഷൻ ഇൻ അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് വഴി കാർഷികോത്പന്നങ്ങൾക്ക് വിപണി ഒരുക്കും. ഇതിനായി ബജറ്റിൽ 35 കോടി രൂപ മാറ്റി വച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെതന്നെ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പ് വരുത്തും. 

സമുദ്രോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ ചേർത്തലയിലെ സീഫുഡ് പാർക്ക് പ്രവർത്തനം ആരംഭിച്ചു. നാളികേരത്തിന്റെ മൂല്യ വർധിത സാധ്യതകൾ ഉപയോഗപ്പെടുത്താൻ കുട്ട്യാടിയിൽ നാളികേര ഇൻഡസ്‌ട്രിയൽ പാർക്കും വയനാട്-കോഫി പാർക്കും ഒരുങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.