മോഡലുകളെ പിന്തുടര്‍ന്നത് ദുരുദ്ദേശ്യത്തോടെ; സൈജു തങ്കച്ചന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

 

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികളില്‍ ഇയാള്‍ ലഹരി മരുന്ന് വിതരണം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മയക്കു മരുന്ന് നല്‍കി നിരവധി യുവതികളെ ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന പാര്‍ട്ടികളുടെ ദൃശ്യങ്ങളും ലഭിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ ദുരുദ്ദേശ്യത്തോടെയാണ് ഇയാള്‍ പിന്തുടര്‍ന്നതെന്ന് ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങിയ ശേഷം പോയാല്‍ മതിയെന്ന് മോഡലുകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കാര്‍ അപകടത്തില്‍ പെട്ട് മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

സൈജുവിന്റെ വാട്‌സാപ്പ് ചാറ്റുകളും കോള്‍ റെക്കോര്‍ഡുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഇയാളുടെ അറസ്റ്റിന് പിന്നാലെ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സൈജുവിന്റെ ലഹരി മരുന്ന് ഇടപാടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.