ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത് വിവാദമാക്കേണ്ട, പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്; ഐഎസ്ആർഒ ചെയർമാൻ

 


ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത് വിവാദമാക്കേണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ്. പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും പേരിട്ടുണ്ട്. പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. വേങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് സോമനാഥ് പ്രതികരിച്ചത്.


ചന്ദ്രയാനിലെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും പല വിലപ്പെട്ട വിവരങ്ങളും കിട്ടിയെന്നും ശാസ്ത്രജ്ഞരുടെ അവലോകങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കുമെന്നും സോമനാഥ് പറഞ്ഞു. ’14 ദിവസം മാത്രമാണ് സൂര്യപ്രകാശം. അതിന് ശേഷം അവിടെ ഇരുട്ട് വീഴും. ഈ സമയം റോവർ ഒരു സ്ലീപ്പിംഗ് ഷെഡ്യൂളിലേക്ക് നീങ്ങും. ഈ 14 ദിവസങ്ങൾക്ക് ശേഷം സൂര്യപ്രകാശം കിട്ടിക്കഴിയുമ്പോൾ റോവർ ഉണർന്ന് വീണ്ടും പ്രവർത്തിക്കും’- സോമനാഥ് പറഞ്ഞു.