നാട്ടുകാര്‍ കുറ്റപ്പെടുത്തി, അപമാനിച്ചു; പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ ആത്മഹത്യയില്‍ കുടുംബം
കോട്ടയം, കുറിച്ചിയില്‍ 74 കാരന്‍ ലൈംഗികമായി പീഡിപ്പിച്ച പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട്ടുകാരില്‍ ചിലര്‍ക്കെതിരെ ആരോപണവുമായി കുടുംബം. പെണ്‍കുട്ടിയുടെ പിതാവിനെ ചിലര്‍ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും വേട്ടയാടുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു. കേസൊതുക്കാന്‍ പിതാവ് പ്രതിയില്‍ നിന്ന് പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു. ഇല്ലാക്കഥകള്‍ ഉണ്ടാക്കുകയും കളിയാക്കുകയും ചെയ്തുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കുടുംബത്തില്‍ നിന്ന് ആരും പുറത്തിറങ്ങിയിരുന്നില്ല. ശനിയാഴ്ച പ്രതിയായ യോഗീദാസിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഞായറാഴ്ചയാണ് കുട്ടിയുടെ പിതാവ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് അടുത്തുള്ള നാട്ടുകാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പലചരക്ക് കച്ചവടക്കാരനായ യോഗീദാസിനെ പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇയാളുടെ മകന്‍ പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്. ഇയാളുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതി ശ്രമിച്ചുവെന്നാണ് ആരോപണം.
ഒത്തുതീര്‍പ്പിന് കുടുംബം തയ്യാറായില്ലെങ്കിലും പ്രതിയുടെ ഉന്നത സ്വാധീനത്തില്‍ ഭയമുണ്ടായിരുന്നു. പരാതി നല്‍കാന്‍ ആദ്യ ഘട്ടത്തില്‍ കുടുംബം തയ്യാറായിരുന്നില്ലെങ്കിലും കൗണ്‍സലിംഗിനെ തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയായിരുന്നു.