ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നതെന്ന ധാരണ കെട്ടുകഥ; ബ്രിട്ടാസിന് മറുപടിയുമായി ചീഫ് ജസ്റ്റിസ്

 

ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെയാണെന്ന ധാരണ കെട്ടുകഥയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. നിയമമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍, ഹൈക്കോടതി കൊളീജിയം, രഹസ്യാന്വേഷണ വിഭാഗം, എക്സിക്യുട്ടീവ് ഇങ്ങനെ ഒട്ടേറെ പേര്‍ ചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനമാണ് ജഡ്ജി നിയമനമെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു. വിജയവാഡയില്‍ 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ, ഭാവിയിലെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജോണ്‍ ബ്രിട്ടാസ് എം.പി. ഹൈക്കോടതി ആന്‍ഡ് സുപ്രീംകോടതി ജഡ്ജി ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ജസ്റ്റിസ് രമണയുടെ പരാമര്‍ശം. 'ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഈയിടെയായി ഫാഷനായി മാറിയിരിക്കുകയാണ്. എന്നാലിത് പരക്കേ പ്രചരിക്കുന്ന ഒരു കെട്ടുകഥയാണ്' എന്നായിരുന്നു ജസ്റ്റിസ് രമണയുടെ വാക്കുകള്‍.

ജഡ്ജിമാര്‍ക്കുനേരെയുള്ള ശാരീരിക ആക്രമണങ്ങളും അടുത്തിടെയായി വര്‍ധിക്കുന്നുണ്ട്. ചിലര്‍ക്ക് അനുകൂലമായി വിധിപ്രഖ്യാപനം വന്നില്ലെങ്കില്‍ ജഡ്ജിമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആസൂത്രിതമായി പ്രചാരണങ്ങളും നടക്കുന്നു. ജഡ്ജിമാര്‍ക്ക് ധൈര്യപൂര്‍വം പ്രവര്‍ത്തിക്കാനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും രമണ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയില്‍ ബ്രാഹ്‌മണ ക്വാട്ടയുണ്ടെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. ന്യായാധിപന്മാരുടെ നിയമനങ്ങളില്‍ സുതാര്യത ആവശ്യമല്ലേ, പിന്നോക്ക, ദുര്‍ബല, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത നീതി ന്യായ കോടതികളില്‍ എന്തുകൊണ്ട് മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നു, 1980 വരെ സുപ്രീംകോടതിയില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാരും തന്നെ ന്യായാധിപന്മാരായി നിയമിക്കപ്പെട്ടില്ല എന്നിങ്ങനെയായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.