എൻഎസ്എസ് മതനിരപേക്ഷ നിലപാടിൽ ഉറച്ച് നിൽക്കും, സമദൂര സിദ്ധാന്തം തുടരാനാണ് തീരുമാനം; സുകുമാരൻ നായർ
കോട്ടയം: എൻഎസ്എസ് മതനിരപേക്ഷ നിലപാടിൽ ഉറച്ച് നിൽക്കുമെന്നും സമദൂര സിദ്ധാന്തം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ആര് കാല് മാറിയാലും ഞങ്ങൾ കാല് മാറില്ല. എല്ലാ സ്ഥാനാർത്ഥികളും വന്നു കാണാറുണ്ട്. അത് പ്രസിദ്ധപ്പെടുത്താറില്ല. അതിന്റെ ഖ്യാതി എൻഎസ്എസിന് ആവശ്യമില്ല. സൗഹൃദപരമായാണ് ജെയ്ക് സി തോമസിനോടും ചാണ്ടി ഉമ്മനോടും ഇടപെട്ടത്. മിത്ത് വിഷയത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് തന്നെയാണ് എൻഎസ്എസിന് ഉണ്ടായിരുന്നത് ഉത്തരം കാണുന്നതുവരെ സമരവുമായി മുന്നോട്ട് പോകും അല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകും. അക്രമം പ്രോത്സാഹിപ്പിക്കില്ല', സുകുമാരൻ നായർ പറഞ്ഞു.
ഷംസീർ മാപ്പു പറയണം എന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. അതിൽ മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ജനങ്ങൾ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യും. ജനങ്ങളുടെ ഇഷ്ടമനുസരിച്ച് വോട്ടു ചെയ്യാൻ കഴിയുന്നുവെന്നുള്ളതാണ് ജനായത്തം എന്ന് അദ്ദേഹം പറഞ്ഞു.