കൂനൂര്‍ ദുരന്തത്തില്‍ മരിച്ച എ.പ്രദീപിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

 

കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 5 ലക്ഷം രൂപ കുടുംബത്തിന് നല്‍കും. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കാനും അച്ഛന് ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടത്. ഹെലികോപ്ടറിലെ ജൂനിയര്‍ വാറന്റ് ഓഫീസറായിരുന്നു പ്രദീപ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

അപകടത്തില്‍ കൊല്ലപ്പെടുന്നതിന് നാലു ദിവസം മുന്‍പാണ് പ്രദീപ് അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയത്. രോഗിയായ അച്ഛനെ ശുശ്രൂഷിക്കുന്നതിനും മകന്റെ പിറന്നാളിനുമായാണ് പ്രദീപ് അവധിയില്‍ നാട്ടിലെത്തിയത്.