യുവതി ലൈം​ഗിക പീഡനത്തിന് ഇരയായി; കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ളാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ ട്വിസ്റ്റ്

 

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്‌ളാറ്റിൽ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ. കുഞ്ഞിൻറെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.

യുവതി ഗർഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോൾ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവർ കുറിയർ കവറിൽ ഉപേക്ഷിച്ച നിലയിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.