യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ നേതാവിനും എതിരെ കേസ്
തിരുവല്ലയില്‍ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ നേതാവിനും എതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ചതിന് തിരുവല്ല നഗരസഭയിലെ കൗണ്‍സിലര്‍മാരും അഭിഭാഷകനും അടക്കം 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സിപിഎം മുന്‍ നേതാവാണ് പരാതിക്കാരി. കാറില്‍ കയറ്റി ലഹരി മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചുവെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പീഡനം, നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സജിമോനെതിരെ മുമ്പും ഇത്തരത്തില്‍ കേസുകളുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ആള്‍മാറാട്ടം നടത്തി ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചതിലും ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.