കഴിഞ്ഞ നാല് ദിവസമായി നിപ കേസുകൾ ഇല്ല; രോഗ വ്യാപനം തടയാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി
കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നു. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണ്. രോഗവ്യാപനം തടയാൻ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. എങ്കിലും പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
994 പേർ ഐസൊലേഷനിലുണ്ട്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 323 സാമ്പിൾ പരിശോധിച്ചു. ഇതിൽ 317ഉം നെഗറ്റീവാണ്. ഒന്നാം കേസിലെ ഹെെ റിസ്ക് കോൺടാക്ട് എല്ലാം പരിശോധിച്ചു. ഇൻഡക്സ് കേസ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.