നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നത് വൻ ജനപ്രവാഹം, ഓരോ പരിപാടിയിലും പങ്കെടുക്കുമ്പോൾ ഒന്നിനൊന്ന് മെച്ചപ്പെട്ട അവസ്ഥ; മുഖ്യമന്ത്രി 

 

നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നത് വൻ ജനപ്രവാഹമാണെന്നും ഓരോ പരിപാടിയിലും പങ്കെടുക്കുമ്പോൾ ഒന്നിനൊന്ന് മെച്ചപ്പെട്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തെ കുറിച്ചുള്ള ജനങ്ങളുടെ ബോധ്യത്തിന്റെ ഭാഗമാണ്. അവർ കാണുന്നത് കേരളം ഇന്നുള്ളിടത്തുനിന്നും ഇനിയും മുന്നോട്ട് പോകണം എന്നാണ്. ആ മുന്നോട്ട്‌പോക്കിന് തടസങ്ങളുണ്ടാകരുത്. ഇതാണ് ജനത്തിന്റെ പൊതുവായ വികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016ന് കേരളം രക്ഷപ്പെടില്ല, ഇങ്ങനെ ആയിപ്പോയി, ആര് വിചാരിച്ചാലും കേരളത്തെ മുന്നോട്ട് നീക്കാനാകില്ല എന്ന ചിന്തയിലായിരുന്നു ജനങ്ങളും നാടും. എന്നാൽ 2016ൽ എൽഡിഎഫ് അന്ന് കേരളത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഒരു പ്രകടനപത്രിക തയ്യാറാക്കി. ഓരോന്നിനുമുള്ള പരിഹാരവും നിർദേശിച്ചു.

നടക്കില്ല എന്ന് കരുതിയ പദ്ധതികൾ പ്രാവർത്തികമായി. ഈ കാലഘട്ടത്തിലും ഓഖിയും നിപയും പ്രളയവും കൊവിഡും കാലവർഷക്കെടുതിയും എല്ലാം നമ്മൾ നേരിട്ടു. സംസ്ഥാനം തകർന്നടിഞ്ഞുപോകുന്ന അവസ്ഥയെത്തി. അപ്പോഴും കേരളത്തെ സ്‌നേഹിക്കുന്ന കേരളത്തെ നെഞ്ചിലേറ്റിയ ലോകത്തിന്റെ പലഭാഗത്തുമുള്ള ജനങ്ങളും നാടും നമുടെയൊപ്പം നിന്നു.

അപ്പോഴും സംസ്ഥാനത്തിന് അർഹമായ ഒരു സഹകരണവും സഹായവും കേന്ദ്രം നമുക്ക് നൽകിയില്ല. ഒരു ഘട്ടത്തിലും കേരളത്തിന് ആവശ്യത്തിനനുസരിച്ചുള്ള, നമുക്ക് അർഹമായ പിന്തുണ കേന്ദ്രത്തിൽനിന്നും ലഭിച്ചില്ല. അത് ജനാധിപത്യ സംവിധാനത്തിനകത്ത് നടക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ വലിയൊരു ക്രൂരതയ്ക്ക് നാം ഇരയായി. സംസ്ഥാനത്തെ സഹായിക്കാൻ പല രാഷ്ട്രങ്ങളും മുന്നോട്ട് വന്നു. പക്ഷേ കേന്ദ്രംഅത് തടഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞ് കേരളത്തെ സഹായിക്കാൻ വന്നവരെപ്പോലും കേന്ദ്രം തിരിച്ചയച്ചത് നാം നേരിട്ട് കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.