നിമിഷപ്രിയയുടെ കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം; സങ്കടകരമെന്ന് സുപ്രീംകോടതി

പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ചർച്ചകൾ നടത്തുന്നവരെ സഹായിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടെന്നും എ.ജി. പറഞ്ഞു.
 

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പായാൽ സങ്കടകരമെന്ന് സുപ്രീംകോടതി. നല്ലത് സംഭവിക്കട്ടേ എന്ന് കരുതി കാത്തിരിക്കാമെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചർച്ചകളും നടന്നു കഴിഞ്ഞു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാനാകില്ലെന്നും എ.ജി വ്യക്തമാക്കി.

മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത് കുടുംബവുമായാണ്. ദിയാധനം സ്വീകരിക്കൽ അടക്കമുള്ള കാര്യങ്ങൾ സ്വകാര്യ വിഷയമാണ്. ഇതിൽ നയതന്ത്രപരമായി ഇടപെടാൻ പരിമിതിയുണ്ട്. യമനിലെ നിലവിലെ സാഹചര്യത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. യമൻ പൗരന്‍റെ കൂടുംബവുമായി ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. ചില ശൈഖുമാരും മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും എ.ജി ചൂണ്ടിക്കാട്ടി.

മോചനത്തിനായി കേന്ദ്ര സർക്കാർ കൂടുതൽ പരിശ്രമങ്ങൾ നടത്തണമെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ചർച്ചകൾ നടത്തുന്നവരെ സഹായിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടെന്നും എ.ജി. പറഞ്ഞു.

ജൂലൈ 16ന് യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാൻ നയതന്ത്ര മാർഗങ്ങളുടെ സാധ്യത എത്രയും വേഗം ഉപയോഗിക്കണമെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാൻ തീരുമാനിച്ചത്. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദിയാധനം നൽകുന്ന കാര്യം പരിശോധിക്കാമെും അഭിഭാഷകൻ വാദിച്ചിരുന്നു.

ദിയാധനം നൽകിയാൽ മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നൽകിയേക്കാമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹരജിയുടെ പകർപ്പ് അറ്റോണി ജനറലിന് നൽകാൻ ബെഞ്ച് അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ സംഘടനയാണ് ഹരജി നൽകിയത്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമൻ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.