പഴയ കാര്യങ്ങൾ ചികഞ്ഞു നോക്കിയിട്ട് കാര്യമില്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കെ മരളീധരൻ 

 

തിരുവനന്തപുരം: കെ മുരളീധരനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റായി പോയെന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി കെ മുരളീധരന്‍ എംപി. പഴയ കാര്യങ്ങൾ ചികഞ്ഞു നോക്കിയിട്ട് കാര്യമില്ല. കോൺഗ്രസ് പ്രവർത്തകസമിതി യാഥാർത്ഥ്യമായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റകെട്ടായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്ന് കെ മുരളീധരൻ പറഞ്ഞു. 


പ്രതിപക്ഷ നേതാവ് എന്ന നിലയിലെടുത്ത തെറ്റായ തീരുമാനമായിരുന്നു കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് സീറ്റ് കൊടുത്തത്. അന്ന് പാര്‍ലമെന്‌റ് സീറ്റ് ജയിക്കാനുള്ള ആഗ്രഹമായിരുന്നു. കെ സുധാകരനെയും കെസി വേണുഗോപാലിനെയും പാർലമെന്റിലേക്ക് വിടേണ്ടിയിരുന്നില്ല എന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരൻ പ്രതികരണവുമെത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ 20 സീറ്റിലും വിജയം കണ്ടെത്തണമെന്നും അതിനായി ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.