കുടുംബ തർക്കത്തിനിടെ തിരുവനന്തപുരം പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റു മരിച്ചു
Aug 13, 2023, 16:04 IST
തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ. വത്സലം അടിയേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കാട്ടാക്കട സ്വദേശിയായ സാം, കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളുമായി മുൻപും വഴക്കുണ്ടായതായി പൊലീസ് വ്യക്തമാക്കി.