നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും; പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി

 

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ആക്രമണത്തിന് ഇരയായ നടി. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്നും നടി കുറിച്ചു.

കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടിയുടെ കുറിപ്പ്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായിരുന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പുതിയ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് കേസ്.

നടിയുടെ കുറിപ്പ് വായിക്കാം

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.