തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി

 

തിരുവനന്തപുരം: വട്ടപ്പാറയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാ‍ർത്ഥികളെയും കണ്ടെത്തി. കന്യാകുമാരിയിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്ന് പേരെയും കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. 

കഴിഞ്ഞദിവസം സ്‌കൂളിൽ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താൻ കുട്ടികളോട് അധ്യാപകർ നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്. സ്‌കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ വട്ടപ്പാറ പൊലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. വട്ടപ്പാറ എൽഎംഎസ് സ്‌കൂൾ വിദ്യാർത്ഥികളാണ് മൂന്ന് പേരും.