പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റു', നേതൃത്വത്തിനോട് ഇടഞ്ഞ് വിപ്പ് കൈപ്പറ്റാതെ ലാലി ജെയിംസ്
കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ഇടഞ്ഞ് ലാലി ജെയിംസ്. മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി തന്നെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ലാലി ജെയിംസ് രംഗത്തെത്തിയിരിക്കുന്നത്. രാവിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയർ -ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് ലാലി ജെയിംസ് കൈപറ്റിയിട്ടില്ല. സീനിയറായ തന്നെ പരിഗണിക്കാതെ മുൻ പരിചയം ഇല്ലാത്ത ഡോ.നിജി ജസ്റ്റിനെ മേയർ സ്ഥാനാർഥിയാക്കിയെന്നാണ് ലാലി പറയുന്നത്. പാർട്ടി നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണവും ലാലി ജെയിംസ് ഉന്നയിച്ചു.
'നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. കർഷക കുടുംബത്തിലെ അംഗമാണ്.' ലാലി ജെയിംസ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് തന്‍റെ പേരാണ് ഉയർന്നവന്നതെങ്കിലും അവസാനത്തെ മൂന്ന് ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു. ' മേയർ പദവി എനിക്ക് അർഹതപ്പെട്ടതാണെന്ന് എനിക്കും ജനങ്ങൾക്കും അറിയാം. തൃശൂർ നഗരത്തിൽ മേയർ ആരാകണമെന്ന് ഒരു സർവേ നടത്തിയാൽ ഞാൻ തന്നെയാകും മുന്നിൽ. എനിക്ക് വലുത് പാർട്ടിയാണ്. ദീപാദാസ് മുൻഷിക്കോ, കെ.സി വേണുഗോപാലിനോ ഇവിടുത്തെ വാർഡുകളെക്കുറിച്ചോ പ്രയത്‌നിച്ചവരെക്കുറിച്ചോ കഷ്ടപ്പെട്ടവരെക്കുറിച്ചോ അറിയാതെ പോകുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. മേയര്‍ പദവിയില്‍ ടേം വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. അഞ്ചുവർഷവും ഒരാൾ തന്നെ ഭരിക്കണം. മേയറായി അഡ്വ.സുബി ബാബു വരട്ടെ. ഇനി മേയറാകാനോ സ്റ്റാൻഡിങ് കമ്മിറ്റിയാകാനോ മറ്റേതെങ്കിലും പദവിയിലേക്കോ ഇനി ഞാനില്ല.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ല. എന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കും.'ലാലി പറഞ്ഞു.