ഇന്ന് കേരളപ്പിറവി ദിനം; നമുക്ക് മറക്കാതിരിക്കാം, മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ

 


ഇന്ന് കേരളപിറവി ദിനം. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ചുസംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്.  ഐക്യ കേരളം രൂപം കൊണ്ടിട്ട് 67 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സമകാലിക-സാമൂഹിക- രാഷ്ട്രീയരംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം.

വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് കേരളം. ഭാഷാശൈലിയും സംസ്കാരവും രുചിയുമെല്ലാം പലയിടത്തും വ്യത്യസ്തമാണ്. ഈ വ്യത്യസ്തകള്‍ക്കിടയിലെ കൂടിച്ചേരലിന്‍റെ അഴക് കൂടിയാണ് കേരളം. നാനാമതസ്ഥര്‍ സൗഹൃദത്തോടെ സ്നേഹത്തോടെ കഴിയുന്ന കേരള സംസ്ഥാനം രൂപം കൊണ്ടതിന്‍റെ ഓർമ പുതുക്കൽ ദിനമാണിന്ന്.

ഇന്ത്യ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നിരുന്നു. അന്ന് വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഭരണ സംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളും, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളും തുടങ്ങി മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടു.

രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് വെറും 5 ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കേരള സംസ്ഥാനത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നാണ് നടന്നത്. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.