ഇന്ന് ദേശീയ കാൻസർ ബോധവത്കരണ ദിനം

 

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും നവംബർ 7 ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആയി ആചരിക്കുന്നു. 

കാൻസർ വന്നാൽ മരണം ഉറപ്പാണ്, ചി​കി​ത്സി​ച്ചു മാ​റ്റാ​നാ​വില്ല, പ​ക​രു​ന്ന രോ​ഗ​മാ​ണ് എന്ന് തുടങ്ങി നിരവധി മിഥ്യാ ധാരണകൾ പലർക്കുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റിവച്ചുകൊണ്ട് കാൻസറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാൻസർ അവബോധ ദിനത്തിന്റെ അനിവാര്യതയാണ്. 

കാൻസറിന്റെ ഒരു പ്രധാന പ്രശ്നമെന്നത് വൈകിയുള്ള രോഗനിർണയവും ശരിയായ ചികിത്സ നൽകാത്തതുമാണ്. കാൻസർ സൂചനകളെപ്പറ്റിയുള്ള അറിവ് നമുക്കുണ്ടാവണം. പ്രധാനമായും ശരീരത്തിലുള്ള മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. വായിൽ കാണപ്പെടുന്ന വെളുത്തപാടുകൾ, പുകവലിക്കുന്നവരിൽ കാണുന്ന ഒച്ചയടപ്പും തുടർച്ചയായ വരണ്ട ചുമയും, അസാധാരണമായ രക്തസ്രാവം എന്നിവ സംശയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 50 വയസിനു മുകളിലുള്ളവരാണെങ്കിൽ ഉറപ്പായും ചികിത്സ തേടണം. ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും ഉണങ്ങാത്ത മുറിവുകൾ വലുതായി വരുന്നുവെങ്കിലും ശ്രദ്ധിക്കണം. സ്തനങ്ങളിൽ വരുന്ന തടിപ്പുകൾ, നിപ്പിളിലൂടെയുള്ള ഡിസ്ചാർജ്, കക്ഷത്തു കാണുന്ന കഴലകൾ എന്നിവ സ്ത്രീകളും ശ്രദ്ധിക്കണം.

കാൻസറിന്റെ പ്രധാന കാരണം ജനിതകമാണ്. ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് അടിസ്‌ഥാനപരമായ കാരണം. എന്നാലത് വരാനുള്ള ഓരോ ഘടകങ്ങളുണ്ട്. ഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവയൊക്കെ ഇതിന് കാരണമാകാം. കോശങ്ങളിലെ ജീനുകളിലാണ് മാറ്റങ്ങളുണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണമുൾപ്പടെയുള്ള നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും പല രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. വ്യായാമ രഹിതമായ ജീവിതവും മറ്റൊരു ഘടകമാണ്.