ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം 

 


ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് നൽകിയ ശ്രീനാരായണഗുരുവിൻറെ 96 മത് സമാധി ദിനമാണ് ഇന്ന്. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂർവ സമന്വയമായിരുന്നു ഗുരു എന്ന മഹത് വ്യക്തിത്വം. ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻറെ പ്രവാചകനായിരുന്നു. സത്യത്തിൻറെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തൻറെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കർത്താവെന്ന നിലയിലാണ്‌ നിർവ്വഹിച്ചത്‌. വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കർമ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന്‌ ജീവിച്ച്‌ ബോധ്യപ്പെടുത്തി.

കൊല്ലവർഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തിൽ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ചു. കൊച്ചുവിളയിൽ മാടനാശാൻ അച്‌ഛൻ വയൽവാരത്ത്‌ കുട്ടി അമ്മയും. നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ബാല്യത്തിൽത്തന്നെ സിദ്ധരൂപം അമരകോശം ബാലപ്രബോധം എന്നിവ പഠിച്ചു. 

അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തിൽ അപൂർവമാണ്. 

രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ അങ്ങനെ ശ്രീനാരായണ ഗുരുവിനെ നേരിട്ട് കാണുകയും അറിയുകയും, സ്വന്തം കർമപാതകളിലേക്ക് ഗുരു പകർന്ന ഊർജം സ്വീകരിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ നിര പോലും നീണ്ടതാണ്.