ഇന്ന് ലോക ഒ.ആർ.എസ് ദിനം 

 

ഇന്ന് ജൂലൈ 29 . ലോക ഒ.ആർ.എസ് ദിനം. എന്താണ് ഒആർസ്? എല്ലാവരും പറയും നിർജ്ജലീകരണം ഉണ്ടായാൽ ഓആർ എസ് കുടിച്ചാൽ മതിയെന്ന് .ഗ്ലൂക്കോസും സോഡിയവും ചേർന്ന ലായനിയാണ് ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ അഥവാ ഒ.ആർ.എസ് .ഛർദി -അതിസാരം പോലുള്ള രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നിർജ്ജലീകരണം തടയുന്നതിനുള്ള വളരെ ലളിതമായ ചികിത്സ രീതിയാണ് ഇത് .ഉപ്പും പഞ്ചസാരയും ലവണങ്ങളും കൃത്യമായ അനുപാതത്തിൽ ഉള്ള ഒരു ലായനി ആണ് ഒ.ആർ.എസ്. സോഡിയം, ക്ലോറെെഡ് ​ഗ്ലൂക്കോസ്, പൊട്ടാസ്യം, സിട്രേറ്റ് എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ചിലവ് കുറവും ഗുണമേന്മയും ഉള്ള ഈ ലായനിക്ക് ജീവൻ രക്ഷിക്കുവാനുള്ള കഴിവുണ്ട്. ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരിച്ചു കൊടുക്കുന്നതുവഴി നിർജലീകരണവും അത് മൂലമുണ്ടാകാവുന്ന മരണവും തടയുന്നു.

ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്.

ഒ.ആർ.എസ്. പാനീയ ചികിത്സ90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. പാനീയചികിത്സ കൊണ്ട് നിർജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.