തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു
തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ സസ്പെൻഡ് ചെയ്തു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിക്കുന്നതു വരെയാണ് സസ്പെൻഷൻ. സഭയിൽ മോശമായി പെരുമാറുന്നുവെന്നു കാട്ടിയാണ് നടപടി. സഭയിൽ ബഹളമുണ്ടാക്കുകയും സഭാനടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്നുവെന്നും കാട്ടി സഭാ നേതാവ് പിയൂഷ് ഗോയൽ പ്രമേയം അവതരിപ്പിച്ചിരുന്നു. സഭാധ്യക്ഷനെ അനുസരിക്കുന്നില്ലെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു,.
ഈ പ്രമേയത്തിനു പിന്നാലെ മണിപ്പൂർ വിഷയത്തിൽ നടന്ന ചർച്ചയിലും ഒബ്രിയാൻ ശബ്ദമുയർത്തി. തുടർന്നാണ് രാജ്യസഭാ ചെയർമാൻ ഒബ്രിയാനെ സസ്പെൻഡ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡൽഹി ബിൽ ചർച്ചക്കിടെ രാജ്യസഭാ ചെയർമാനും ഒബ്രിയാനും തമ്മിൽ വാദപ്രതിവാദമുണ്ടായിരുന്നു. ഒബ്രിയാൻ ജനശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ധൻകർ ഉന്നയിക്കുകയും ചെയ്തിരുന്നു.