തൃഷയെ അപമാനിച്ചെന്ന കേസ്; ഉദയനിധിയെ അറസ്റ്റ് ചെയ്തു

ഡി.എം.കെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു
 

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ, നടി തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ. സ്ത്രീയെ അപമാനിക്കുന്നതും അശ്ലീല സൂചനകൾ ഉൾക്കൊള്ളുന്നതുമായ പരാമർശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മുൻകൂർ ജാമ്യം തേടി സ്റ്റാലിൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. പരാതിയെ തുടർന്ന് തഞ്ചാവൂർ പൊലീസ് ആറ് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ഫയൽ ചെയ്തതിന് പിന്നാലെ ഉദയനിധിയുടെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വീട്ടിൽനിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാദം ഉയർന്നതോടെ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ഉദയനിധിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് വാഹനം തടഞ്ഞു. ഉദയനിധിയുടെ വസതിക്ക് പുറത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.