ഡോളറിനെ തഴഞ്ഞാൽ വിവരമറിയും, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

 

 ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്.

ഇക്കാര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓര്‍മപ്പെടുത്തി. 'ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ സാധ്യതയില്ല, അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയാം', ട്രംപ് കൂട്ടിച്ചേര്‍ത്തു.


അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറന്‍സികള്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒക്ടോബറില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ തുടക്കമിട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്ത്യോപ്യ, യു.എ.ഇ. രാജ്യങ്ങളാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. അതേസമയം, ഡീ- ഡോളറൈസേഷന്‍ പരിഗണനയിലില്ലെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.