സത്യം ജയിച്ചു, വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോൺഗ്രസ് പോരാട്ടം തുടരും; വി ഡി സതീശൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സത്യം
ജയിച്ചുവെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങൾക്കെന്നും വിശ്വാസമുണ്ട്. ജനകോടികൾ രാഹുലിനൊപ്പമുണ്ട്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതൽ ഞങ്ങൾ പറയുന്നതാണ്. രാഹുൽ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോൺഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റേയോ കോൺഗ്രസിന്റേയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണ്.
സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി- അമിത് ഷാ- കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നവരും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെ', വി ഡി സതീശൻ പറഞ്ഞു.