വെനസ്വേലയിൽ ഇരട്ട ഭൂകമ്പം; മരണ സംഖ്യ ഒരു ലക്ഷം വരെ എത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ
പടിഞ്ഞാറന്‍ വെനസ്വേലയില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് കനത്ത ആഘാതങ്ങളെന്ന് റിപ്പോര്‍ട്ട്. മരണ സംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ വിലയിരുത്തി വരികയാണ്. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.
ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഒരു മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ടു ഭൂകമ്പങ്ങളും. ഇതിനു പിന്നാലെ 20ൽ അധികം പ്രകമ്പനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനമായ കാരക്കസിലെ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.