പഞ്ചാബില്‍ വീണ്ടും ട്വിസ്റ്റ്; നവ്‌ജ്യോത് സിംഗ് സിദ്ദു പിപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
നാടകീയ സംഭവങ്ങള്‍ തുടരുന്ന പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും ട്വിസ്റ്റ്. നവ്‌ജ്യോത് സിങ് സിദ്ദു പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ആരംഭിക്കുന്നിടത്ത് ഒരാളുടെ വ്യക്തിത്വം തകരാന്‍ തുടങ്ങുന്നു. പഞ്ചാബിന്റെ ഭാവിയും സംസ്ഥാനത്തിന്റെ ക്ഷേമം എന്ന അജണ്ട എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിദ്ദു രാജിക്കത്തില്‍ എഴുതി. അതിനാല്‍ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും സിദ്ദു കുറിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്തു പോയ അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലേക്ക് തിരിച്ചതിന് തൊട്ടുപിന്നാലെയാണ് സിദ്ദു രാജിവെച്ചത്. ക്യാപ്റ്റന്‍ ഡല്‍ഹിയില്‍ അമിത് ഷായും ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബിജെപിയില്‍ ചേര്‍ന്നാല്‍ അമരീന്ദറിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നും കൃഷിവകുപ്പ് നല്‍കിയേക്കും എന്നിങ്ങനെയായിരുന്നു അഭ്യൂഹങ്ങള്‍. അതേസമയം ഡല്‍ഹി പര്യടനം തികച്ചും വ്യക്തിപരമാണെന്ന് അമരീന്ദര്‍ വിശദീകരിച്ചു.
അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചില സുഹൃത്തുക്കളെ സന്ദര്‍ശിക്കുക, പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിക്ക് വേണ്ടി കപൂര്‍ത്തല ഹൗസ് ഒഴിയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശനത്തിലുള്ളതെന്ന് അമരീന്ദറിന്റെ മാധ്യമ ഉപദേശകന്‍ രവീണ്‍ തുക്‌റാല്‍ ട്വീറ്റ് ചെയ്തു.