5 ജില്ലകൾ തൂത്തുവാരി യുഡിഎഫ്
ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾ പ്രതീക്ഷിച്ചിരുന്നതിലും അപ്പുറത്താണ് മലപ്പുറത്തെ കൂറ്റൻവിജയങ്ങൾ. ഭൂരിപക്ഷം 50,000 കടക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നവരുടെ കണക്കുകൂട്ടൽ. അതൊക്കെ മറികടന്ന് തരിപോലും ബാക്കിവെക്കാത്ത സർവാധിപത്യമാണ് എല്ലാമണ്ഡലങ്ങളിലും വിജയിച്ച് ജില്ലയിൽ യു.ഡി.എഫ്. നേടിയത്. ലീഗിന്റെ ഉജ്ജ്വലവിജയത്തിനൊപ്പം, മത്സരിച്ച നാലുസീറ്റിലും ഉജ്ജ്വലവിജയം നേടാൻ കോൺഗ്രസിനും കഴിഞ്ഞു.
മലപ്പുറത്ത് 16-ൽ പത്തുപേരും നാല്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടി. ശക്തമായ മത്സരംനടന്ന മൂന്നു മണ്ഡലങ്ങളിൽ മാത്രമാണ് ഭൂരിപക്ഷം 25,000-ത്തിൽ താഴെ ഒതുങ്ങിയത്. മണ്ഡലത്തിന്റെ പേരിലുള്ള തർക്കങ്ങൾ, സ്ഥാനാർഥിനിർണയ പ്രശ്‌നങ്ങൾ, ന്യൂനപക്ഷ ഏകീകരണം തുടങ്ങി എല്ലാ കാരണംകണ്ടെത്തലുകൾക്കുമപ്പുറം ജനതയൊന്നാകെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് മലപ്പുറത്തുണ്ടായത്. മലപ്പുറം ജില്ലയിൽമാത്രം എട്ടുലക്ഷത്തിനടുത്ത് വോട്ടുകളാണ് യു.ഡി.എഫിന് അധികമായി വീണിട്ടുള്ളത്. വിജയികളിൽ മിക്കവരും ആകെ പോൾ ചെയ്ത വോട്ടിന്റെ 51 ശതമാനത്തിലധികം നേടിയിട്ടുണ്ട്. ലീഗിനുള്ളിലെ പിണക്കങ്ങൾക്കോ എൽ.ഡി.എഫിലെ മറ്റു കക്ഷികൾക്കോ ഒന്നും ഒരു പ്രസക്തിയുമില്ലാതാക്കിക്കളഞ്ഞ ജയം.
രാഷ്ട്രീയമായി ഏറെ മേൽക്കൈയുള്ള വയനാട് ജില്ലയിൽ മൂന്നു മണ്ഡലങ്ങളും കോൺഗ്രസിനൊപ്പം നിന്നു. കല്പറ്റ ഇതുവരെ കണ്ട റെക്കോഡ് ഭൂരിപക്ഷം ടി. സിദ്ദിഖിന്- 45,031. വികസനപ്രവർത്തനങ്ങളാൽ ശ്രദ്ധേയനായിരുന്നെങ്കിലും മന്ത്രി ഒ.ആർ. കേളുവും യു.ഡി.എഫ്. തരംഗത്തിൽ പരാജയപ്പെട്ടു. ഉഷാവിജയൻ 10,543 വോട്ടുകൾക്ക് വിജയിച്ചു. സുൽത്താൻബത്തേരി നാലാംതവണയും ഐ.സി. ബാലകൃഷ്ണൻ കൂടുതൽ ഭൂരിപക്ഷത്തോടെ നിലനിർത്തി, 16597.
എറണാകുളം ജില്ലയിൽ 14 സീറ്റുകളും യു.ഡി.എഫിന്. 2001-ൽ 13 സീറ്റുകൾ യു.ഡി.എഫ്. നേടിയിരുന്നു. പറവൂരിൽ സാമുദായികശക്തികളിൽനിന്നുൾപ്പെടെയുള്ള എല്ലാ വെല്ലുവിളിയും അതിജീവിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം എത്തിയില്ലെങ്കിലും മികച്ച വിജയം നേടി.
മന്ത്രി പി. രാജീവ് കളമശ്ശേരിയിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ പരാജയം ഏറ്റുവാങ്ങി. ലീഗിലെ പ്രശ്‌നങ്ങൾ പറഞ്ഞൊതുക്കാൻ സാധിച്ചത് വി.ഇ. അബ്ദുൾഗഫൂറിന്റെ വിജയത്തിന്റെ അടിസ്ഥാനമായി. കൊച്ചിയിൽ സഭാവോട്ടുകളുടെ ബലത്തിൽ കെ.ജെ. മാക്‌സി ജയിക്കുമെന്നാണ് സി.പി.എം. ഉറച്ചുവിശ്വസിച്ചിരുന്നത്. എന്നാൽ, വൻഭൂരിപക്ഷത്തോടെ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സീറ്റ് തിരിച്ചുപിടിച്ചു.
കുന്നത്തുനാട് കടുത്ത ത്രികോണമത്സരത്തിൽ യു.ഡി.എഫ്. തിരിച്ചുപിടിച്ചു. ട്വന്റി 20 എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിലുള്ള പ്രതിഷേധവും ന്യൂനപക്ഷവോട്ടുകൾ സ്വന്തമാക്കാൻ കഴിഞ്ഞതും യു,ഡി.എഫിനെ വിജയത്തിലെത്തിച്ചു. തൃപ്പൂണിത്തുറയിലും ത്രികോണമത്സരത്തിൽ മികച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്താൻ ദീപക് ജോയിക്ക് കഴിഞ്ഞു. കോതമംഗലം നിലനിർത്തുമെന്ന് ഇടതുമുന്നണി ഉറപ്പിച്ചിരുന്നെങ്കിലും ഭരണവിരുദ്ധ തരംഗത്തിൽ വലിയ ഭൂരിപക്ഷത്തോടെ സീറ്റുപിടിക്കാൻ യു.ഡി.എഫിലെ ഷിബു തെക്കുംപുറത്തിന് സാധിച്ചു. യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ എറണാകുളം, തൃക്കാക്കര, ആലുവ, അങ്കമാലി, പെരുമ്പാവൂർ, പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങൾ വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തി കോട്ടശക്തമാക്കാൻ യു.ഡി.എഫിന് സാധിച്ചു.
ഇടുക്കിയിൽ യു.ഡി.എഫ്. അങ്ങ് ദേവികുളത്തുനിന്ന് പതിയെ ഒഴുകി ഉടുമ്പൻചോലയും ഇടുക്കിയും പീരുമേടും പിടിച്ചെടുത്ത് തൊടുപുഴയിലെത്തുമ്പോൾ അതൊരു നീലക്കടലായി. 25 കൊല്ലം ഇടുക്കി മണ്ഡലം കൈവെള്ളയിൽ കൊണ്ടുനടന്ന റോഷി അഗസ്റ്റിനെ റോയ് കെ. പൗലോസ് 23,822 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. ഏറ്റവും കൂടുതൽ വോട്ടിന് പരാജയപ്പെട്ട മന്ത്രിയായി റോഷി. കൈപ്പത്തി ചിഹ്നം വന്നാൽ ജയിച്ചുകയറാമെന്ന തന്ത്രത്തിന്റെ വിജയം കൂടിയായി.
ഇടത് കോട്ടയിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രനെ തോൽപ്പിച്ച് സേനാപതി വേണു, കഴിഞ്ഞ തവണ എം.എം. മണി 38,305 വോട്ടിന് ജയിച്ച ദേവികുളത്തെ സേനാപതിയായി. രണ്ടുവട്ടം ചെറിയ വോട്ടിന് പരാജയപ്പെട്ടിട്ടും വീറോടെയെത്തി ജനവിധി തേടിയ സിറിയക് തോമസ് പീരുമേട് കണ്ട റെക്കോഡ് ഭൂരിപക്ഷത്തിൽ(27,634) വിജയിച്ചു.
മൂന്ന് രാജമാർ മത്സരിച്ച ദേവികുളത്ത് സിറ്റിങ് എം.എൽ.എ. കൂടിയായ എ. രാജയെ അട്ടിമറിച്ച് എഫ്. രാജ വെന്നിക്കൊടി നാട്ടി. സി.പി.എം. വിട്ട മുൻ എം.എൽ.എ.യും എൻ.ഡി.എ. സ്ഥാനാർഥിയുമായ എസ്. രാജേന്ദ്രൻ 12,357 വോട്ട് നേടി എൽ.ഡി.എഫ്. പരാജയം ഉറപ്പിച്ചു. പി.ജെ. ജോസഫ് മാറിനിന്ന സാമ്രാജ്യത്തിൽ അദ്ദേഹത്തെ വെല്ലുന്ന ഭൂരിപക്ഷം നേടി മകൻ അപു ജോൺ ജോസഫ് തൊടുപുഴയുടെ പിൻഗാമിയായി. എൽ.ഡി.എഫിന് ലഭിച്ച വോട്ടിനെക്കാൾ മുകളിലാണ് അപുവിന്റെ ഭൂരിപക്ഷം.
അടപടലം പിടിച്ച് കോട്ടയംജില്ല യു.ഡി.എഫ്. കോട്ടയാക്കി. ഏതെങ്കിലുമൊരു മുന്നണി ഈ ജില്ലയിലെ മുഴുവൻസീറ്റും പിടിക്കുന്നത് ഇതാദ്യം. 2021-ൽ നാലിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫും വിജയംനേടിയിരുന്നു.
കൈവശമുണ്ടായിരുന്ന കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ എന്നിവക്കൊപ്പം യു.ഡി.എഫ്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂർ എന്നിവകൂടി സ്വന്തമാക്കി. 1991-നു ശേഷം ഇതാദ്യമായാണ് വൈക്കം സി.പി.ഐ.ക്ക് നഷ്ടമാകുന്നത്.
കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഏറ്റുമാനൂരിൽ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് മന്ത്രി വി.എൻ. വാസവനെ അട്ടിമറിച്ചു. കാഞ്ഞിരപ്പള്ളി മണ്ഡലം രൂപവത്കരിച്ചതു മുതൽ ജനപ്രതിനിധിയായിരിക്കുന്ന കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ഡോ. എൻ. ജയരാജിനും കാലിടറി.
പുതുമുഖം റോണി കെ. ബേബി മണ്ഡലം പിടിച്ചു. കേന്ദ്രമന്ത്രിയും ബി.ജെ.പി. സ്ഥാനാർഥിയുമായ ജോർജ് കുര്യൻ ഇവിടെ തോറ്റു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രണ്ടാംതവണയും പാലായിൽ പരാജയപ്പെട്ടു. യു.ഡി.എഫിലെ മാണി സി. കാപ്പനാണു ജയിച്ചത്. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് 35,304 വോട്ടുകളുമായി വൻ കുതിപ്പു നടത്തി.